ബെംഗളൂരു : ബൈക്ക് യാത്രികനെ ആക്രമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കൊലപാതക ശ്രമത്തിന് കേസ്. ബെംഗളൂരുവിലെ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസിനെതിരെയാണ് കേസ്. ബോസ് ബൈക്ക് യാത്രികനായ വികാസ് കുമാറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
തിങ്കളാഴ്ച രാവിലെ ബെംഗളൂരു റോഡിലുണ്ടായ അടിപിടിക്കിടെയായിരുന്നു സംഭവം. ഫാക്ടറി ജങ്ഷനില്‍ വികാസിന്റെ ബൈക്ക് തെറ്റായ വശത്തുകൂടി വന്നെന്ന് ആരോപിച്ചുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലേക്ക് നയിച്ചത്. ബെംഗളൂരു പൊലീസാണ് ബോസിനെതിരെ കേസെടുത്തത്.
നേരത്തെ, വികാസ് തന്നെ കന്നട സംസാരിക്കാത്തതിന് ആക്രമിച്ചെന്നാരോപിച്ച് ബോസ് എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വികാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബോസിനെതിരായ പൊലീസ് നടപടി.
ബോസ് വികാസിനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും പിടച്ചുമാറ്റാന്‍ വരുന്നവരെ വകവയ്ക്കാത്തതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ, കോള്‍ സെന്റര്‍ ജീവനക്കാരനായ വികാസ് കുമാറിന്റെ പരാതിയില്‍ ബിഎന്‍എസ് 108, 115 (2), 304, 324, 352 എന്നീ വകുപ്പുകൾ ചുമത്തിയാണ് ബൈയ്യപ്പനഹള്ളി പൊലീസ് കേസെടുത്തത്.