കോഴിക്കോട് : മുനമ്പം കേസിൽ വാദം കേൾക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ നീട്ടിവെച്ചു. കേസ് മെയ് 27ലേക്കാണ് മാറ്റിയത്. കേസിൽ അന്തിമവാദം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.
അന്തിമ വിധി പറയാൻ കഴിയാത്ത സാഹചര്യത്തിൽ കേസിൻ്റെ വാദം പുതിയ ജഡ്ജി കേൾക്കട്ടെ എന്ന് ജഡ്ജി രാജൻ തട്ടിൽ നിലപാടെടുക്കുകയായിരുന്നു. എന്നാൽ സ്റ്റേ നീക്കി കേസ് വേഗത്തിലാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനമ്പം നിവാസികൾ പറഞ്ഞു.
മുനമ്പം കേസിൽ കഴിഞ്ഞ ആഴ്ച മുതൽ കോഴിക്കോട് വഖഫ് ട്രിബ്യൂണൽ തുടർച്ചയായി വാദം കേൾക്കുകയായിരുന്നു. വഖഫ് ബോർഡിൻ്റെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി കേസിൽ അന്തിമ വാദം പറയുന്നത് മെയ് 26 വരെ സ്റ്റേ ചെയ്തിരുന്നു. മെയ് 19ന് നിലവിലെ ട്രിബ്യൂണൽ ജഡ്ജ് രാജൻ തട്ടിൽ സ്ഥലം മാറിപ്പോവുകയും പുതിയ ജഡ്ജി വരികയും ചെയ്യും.
കേസുമായി ബന്ധപ്പെട്ട് പറവൂർ സബ്കോടതിയിലെ രേഖകൾ വിളിച്ചുവരുത്തണമെന്ന വഖഫ് ബോർഡിൻ്റെ ആവശ്യം ട്രിബ്യൂണൽ തള്ളിയതിനെ തുടർന്നാണ് വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിക്കുന്നതും സ്റ്റേ സമ്പാദിക്കുന്നതും.