ന്യൂഡൽഹി : വീണ്ടും വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെയാണ് പരാമർശം. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണർ എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന ഖുറൈഷിയുടെ വിമർശനത്തിന് മറുപടിയായിട്ടായിരുന്നു വിവാദ പരാമർശം. ഖുറൈഷിയുടെ കാലത്ത് ജാർഖണ്ഡിലെ സന്താൽ പർഗാനയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ചേർത്തെന്ന് ദുബെ ആരോപിച്ചു.
ദുബെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ രൂക്ഷ വിമർശനം രാഷ്ട്രീയ വിവാദമായി കത്തിനിൽക്കുന്നതിനിടെയാണ് ദുബെ വീണ്ടും വിവാദ പരാമർശം നടത്തിയിരിക്കുന്നത്. എന്നാൽ വിവാദപരാമർശങ്ങളിൽ പാർട്ടി ദുബെയ്ക്ക് പിന്തുണ നൽകിയിട്ടില്ല. അതേസമയം ചീഫ് ജസ്റ്റിനെതിരായ വിവാദ പ്രസ്താവനയിൽ നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. സുപ്രിംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദുബെയ്ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി വേണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടരമണിക്ക് കത്ത് അയച്ചത്. ബിജെപി എംപിയുടെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം സുപ്രീംകോടതിക്കെതിരായ ബിജെപി എംപിമാരുടെ പരാമർശവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. ബിജെപി അത്തരം പ്രസ്താവനകളോട് യോജിക്കുകയോ, പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ബിജെപി നേതാക്കൾ അത്തരം പ്രസ്താവനകൾ നടത്തരുതെന്നും ജെ പി നദ്ദ പറഞ്ഞു.