കാസർഗോഡ് : കാസർഗോഡ് കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘം നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ജിഷ്ണു , വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി 10.30ഓടുകൂടിയാണ് സംഭവം ഉണ്ടായത്. പ്രതികൾ ഒരു അധ്യാപികയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. ഈ സമയത്ത് മാരാകായുധങ്ങളുമായാണ് പ്രതികളായ ജിഷ്ണു , വിഷ്ണുവും നിന്നിരുന്നത്. വടിവാള്‍ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പൊലീസുകാരെ കണ്ടതോടെ പ്രദേശവാസിയായ സരീഷിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സരീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിപിഒ സൂരജിനും കുത്തേറ്റത്. സരീഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സൂരജിന് പ്രാഥമിക ചികിത്സ നൽകി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.