കൊല്ലം : മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് കൊല്ലത്തെ ഹാർബറുകളിൽ മത്സ്യ വിപണനം നടത്താൻ അനുമതി.കൊല്ലം കലക്ടർ എൻ.ദേവീദാസ്, മത്സ്യതൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനത്തിന് അംഗീകാരമായത്.
കളർ കോഡ് ഉറപ്പാക്കിയും ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നിയന്ത്രിച്ചുമായിരിക്കും അനുമതി നൽകുകയെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. മുതലപ്പൊഴിയിൽ മണ്ണ് അടിഞ്ഞ് പൊഴി അടഞ്ഞതോടെയാണ് സർക്കാർ ബദൽ മാർഗം ഒരുക്കുന്നത്.
കൊല്ലം ജില്ലയിലെ അഞ്ച് ചെറു ഹാർബറുകളാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചു നൽകുന്നത്. ജോനകപ്പുറം, വാടി, മൂതാക്കര, പോർട്ട് കൊല്ലം, തങ്കശേരി ഹാർബറുകളിൽ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ഇറക്കി കച്ചവടം ചെയ്യാനാകും. കൊല്ലം തീരത്തെ മത്സ്യതൊഴിലാളി സംഘടനകൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി കലക്ടർ ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്.
മുതലപ്പൊഴിയിൽ നിന്നും എത്തുന്ന യാനങ്ങൾ നിയമങ്ങളും നിയന്ത്രങ്ങളും കൃത്യം ആയി പാലിക്കുണ്ടോ എന്നത് ഫിഷറീസ് വകുപ്പ് ഉറപ്പ് വരുത്തും.യോഗ തീരുമാനങ്ങൾ ഫിഷറീസ് സെക്രെട്ടറിയെ അറിയിക്കും. തുടർന്ന് സർക്കാർ തീരുമാനങ്ങൾക്ക് അനുസരിച്ചാകും തുടർ നടപടികൾ.