കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസും ബിജെപിയുമാണെന്ന് സിപഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികൾ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇത് മുർഷിദാബാദിൽ അശാന്തി തീർക്കുന്നു. പൊലീസിന് കലാപം തടയാൻ കഴിയാതെ പോയെന്നും മുഹമ്മദ് സലീം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വഖഫ് നിയമം കൊണ്ടുവന്ന് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനാണ് ബിജെപിയും തൃണമൂലും പദ്ധതിയിടുന്നത്. ഒരു കൂട്ടർ കലാപത്തെ അനുകൂലിക്കുന്നു, മറ്റൊരു കൂട്ടർ കലാപത്തെ എതിർക്കുന്നു. മുർഷിദാബാദിൽ ബിജെപി-തൃണമൂൽ കൂട്ടുകെട്ട് കലാപം നടത്തുന്നു, കലാപം നിയന്ത്രിക്കാൻ ഇടതുമുന്നണിയും കോൺഗ്രസ് പോരാടുകയാണെന്നും മുഹമ്മദ് സലിം കൂട്ടിച്ചേർത്തു.
മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ മുഹമ്മദ് സലിം സന്ദർശിച്ചു. കൊല്ലപ്പെട്ട ഹരഗോബിന്ദ ദാസിന്റെയും മകൻ ചന്ദൻ ദാസിന്റെയും വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചു.
മുർഷിദാബാദ് ജില്ലയിലെ വർഗീയ സംഘർഷങ്ങൾ തടയാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ജാമിർ മൊല്ല ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയും അക്രമത്തിന്റെ പ്രത്യക്ഷ കക്ഷികളാണെന്നും അക്രമം തടയുന്നതിൽ സംസ്ഥാന പൊലീസും ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അക്രമത്തിന് പിന്നിലെ പ്രധാന കുറ്റവാളികൾ ടിഎംസിയിലെയും ആർഎസ്എസിലെയും വിവിധ വിഭാഗങ്ങളാണ്. അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജില്ലയിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ജാമിർ മൊല്ല പറഞ്ഞു.
വർഗീയ സംഘർഷങ്ങൾക്കെതിരെ ഇടതു മുന്നണിയും പ്രസ്താവനയിറക്കിയിട്ടുണ്ട്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ സംസ്ഥാനത്ത് സംഘർഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ വർഗീയ ശക്തികൾ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറുവശത്ത്, ഭരണകൂടം വെറുതെ ഇരുന്നുകൊണ്ട് കൊള്ളക്കാരെ കൊള്ളയടിക്കാൻ സഹായിക്കുന്നു.
അടുത്തിടെയായി മുർഷിദാബാദിലുണ്ടായ സംഘർഷത്തിൽ മൂന്നുപേരാണ് മരിച്ചത്. രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും വേളയിൽ മുർഷിദാബാദിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നും ഇത് ജില്ലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും ഇടതുമുന്നണി ചൂണ്ടിക്കാട്ടിയിരുന്നു. വഖഫ് നിയമത്തിലെ ഭരണഘടനാ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും മുർഷിദാബാദ് ജില്ലയിൽ ഇതിനകം മൂന്നുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചില സ്ഥലങ്ങളിൽ സ്വത്തുക്കളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മുർഷിദാബാദ് ജില്ലയിലെ എല്ലാ സദുദ്ദേശ്യമുള്ള ആളുകളും വർഗീയ അക്രമം ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമം പിൻവലിക്കണം. ഈ നിയമത്തിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ പ്രതിഷേധിക്കണം. ഏത് തരത്തിലുള്ള അക്രമവും സാമുദായിക ഐക്യത്തെ തകർക്കുകയും കേന്ദ്രത്തിൽ ഭരണകക്ഷിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഐക്യം തകർക്കാനുള്ള ഈ ശ്രമത്തിന് പിന്നിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണെന്ന് സംശയിക്കാൻ കാരണമുണ്ട്. സംഭവസമയത്ത് ഭരണകൂടത്തിന്റെ അലസത അതിന് തെളിവാണ്. എല്ലാ വിഭാഗം ജനങ്ങളോടും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ ഇടതുമുന്നണി അഭ്യർത്ഥിക്കുന്നു. ഒരു തരത്തിലുള്ള കിംവദന്തികൾക്കും ചെവികൊടുക്കരുത്. അതേസമയം, രാഷ്ട്രീയ പാർട്ടി വക്താക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു’ -ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു പ്രസ്താവനയിൽ പറഞ്ഞു.