തിരുവനന്തപുരം : വീണാ വിജയനെതിരായ എക്സാലോജിക് കേസിലെ കുറ്റപത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിണറായിയുടെ പേര് സര്‍ക്കാരിന് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല. വീണയുടെ കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈാകാര്യം ചെയ്യാന്‍ അവര്‍ക്ക് അറിയാമെന്നും അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുമുന്നണി യോഗത്തിലാണെന്നും ശിവന് കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയദുഷ്ടലാക്കോടുകൂടി കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ കേസ് എടുത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണപിന്തുണ ഇടതുമുന്നണിയും സിപിഐഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ഒരാവശ്യവുമില്ല. അദ്ദേഹം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുമുന്നണി യോഗത്തിലാണ്. പിണറായി നയിക്കുന്ന സര്‍ക്കാര്‍ എന്ന് പറയാന്‍ പാടില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടുപിടിത്തം. ഇനി ബിനോയ് വിശ്വം മുഖ്യമന്ത്രിയായാല്‍ ബിനോയ് വിശ്വം നേതൃത്വം കൊടുക്കുന്ന ഇടുതുമുന്നണി എന്നാവും പറയാന്‍ പോകുക. അതിലൊന്നും ആസൂയയുടെയും കുശുമ്പിന്റെയും കാര്യമില്ല’ ശിവന്‍കുട്ടി പറഞ്ഞു.
‘സിപിഐ മുഖ്യമന്ത്രിക്കൊപ്പം നില്ക്കും. എന്നാല്‍, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ല. എക്സാലോജിക് കേസ് എല്‍ഡിഎഫിന്റെ കേസ് അല്ല. വീണാ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണ്. കേസ് കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. അതിന്റെ തെറ്റും ശരിയും കമ്പനി നിയമപ്രകാരം തീരുമാനിക്കേണ്ടതാണ്’- എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.