ചെന്നൈ : ബിജെപി നിയമസഭാ കക്ഷി നേതാവും മുന്‍ മന്ത്രിയുമായ നൈനാര്‍ നാഗേന്ദ്രന് തമിഴ്നാട്ടില്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന് മാത്രമാണ്.
എഐഎഡിഎംകെ നേതാവായിരുന്ന നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തേവര് സമുദായാംഗമാണ് എന്നുള്ളതാണ് നൈനാരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.
ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നൈനാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ എഐഎഡിഎംകെയുമായുള്ള സഖ്യം പുനഃസ്ഥാപിക്കപ്പെടും. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും നൈനാര്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവിലെ പാര്‍ട്ടി മേധാവി കെ അണ്ണാമലൈയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നൈനാറിന്റെ പേര് നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 2001മുതല്‍ 2006വരെ ജയലളിത, ഒ പനീര്‍ ശെല്‍വം എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു. 2006 ലും 2011 ലും തിരുനെല്‍വേലി നിയോജകമണ്ഡലത്തില്‍ നിന്ന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായും 2021 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായും വിജയിച്ചു.