ചെന്നൈ : തമിഴ്നാട്ടില്‍ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ ബിജെപി ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിര്‍ദേശം.
തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായ എം ചക്രവര്‍ത്തിയാണ് അപേക്ഷ ക്ഷണിച്ചത്. ‘സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, പാര്‍ട്ടി വെബ്സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 4 വരെയുള്ള സമയത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സ്ഥാനാര്‍ത്ഥി കുറഞ്ഞത് 10 വര്‍ഷമെങ്കിലും ബിജെപി അംഗമായിരിക്കണം എന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ജനറല്‍ കമ്മിറ്റി അംഗത്വത്തിനായിട്ടും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് അണ്ണാമലൈ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ബിജെപി തെരഞ്ഞെടുപ്പ് നടത്തുന്നത്.