അഹമ്മദാബാദ് : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി അധ്യക്ഷൻ വി.എസ് ജോയ് എത്തിയേക്കും. ഇതിനായുള്ള ചർച്ചകൾ എഐസിസി സമ്മേളനത്തിൽ പുരോഗമിക്കുകയാണ്. പാർട്ടി സർവേയിൽ ജോയ് ആണ് ഒന്നാമത്.
15ാം തിയതിക്ക് ശേഷം ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് സ്ഥാനാർഥിയെ മുൻകൂട്ടി തീരുമാനിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെയടിസ്ഥാനത്തിൽ കേന്ദ്രം ഒരു സർവേ നടത്തിയിരുന്നു. നിലമ്പൂരിൽ വ്യാപകമായി നടത്തിയ സർവേയിൽ വി.എസ് ജോയ്ക്കാണ് കൂടുതൽ വിജയ സാധ്യതയെന്നാണ് കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് ഡിസിസി അധ്യക്ഷനെ തന്നെ സ്ഥാനാർഥിയായി പരിഗണിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. പി.വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാർഥിയെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ജോയ്ക്ക് തന്റെ പിന്തുണയുണ്ടാവുമെന്ന് പി.വി അൻവർ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.