തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്ത്തകന് സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. യുവതിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.
സുകാന്ത് ഗര്‍ഭഛിദ്രത്തിനായി യുവതിയെ ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്മാറുകയും ചെയ്തു. വിവാഹത്തിന് താല്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്.
നിലവിലെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പൊലീസ് കോടതിയില്‍ അറിയിക്കും. ഉദ്യോഗസ്ഥയുടെ കുടുംബവും ഗര്‍ഭച്ഛിദ്രത്തിന്റെയടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കും. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്.
ഇതിനിടെ, കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തടസ്സം നിന്നത് യുവതിയുടെ വീട്ടുകാരാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ ഇതു നിഷേധിച്ചിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാര്‍ എത്തിയിരുന്നില്ലെന്നും പിതാവ് മധുസൂദനന് മാധ്യമങ്ങളോട് പറഞ്ഞു.
ഐബി ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിനു മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.