മധുരൈ : സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തെ ആവശേത്തിലാക്കി റാപ് ഗാനം. ആഗോള തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പോരാട്ടങ്ങളും വാഴ്ത്തിക്കൊണ്ട് റാപ് രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനം സിപിഐഎമ്മിന്റെ സമൂഹമാധ്യമ സംഘത്തിലെ പാട്ടു ഗ്രൂപ്പായ ‘കോമ്രേഡ് ഗാങ്സ്റ്റ’ ആണ് അവതരിപ്പിച്ചത്. സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ വേദിയില്‍ ആയിരുന്നു ‘കോമ്രേഡ് ഗാങ്സ്റ്റ’ ഗാനം ആലപിച്ചത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കളും പരിപാടി ആസ്വദിച്ചു.
‘ഇത് ഇടതുപടൈ,
ഉലകെ കാക്കും പടൈ
തിരുപ്പി അടിക്കും പടൈ…’
മനുഷ്യാവകാശ പ്രശ്നങ്ങള്‍ എവിടെയുണ്ടായാലും ഓടിയെത്തുന്ന, ദളിതരുടെ അവകാശങ്ങള്‍ക്കായും സ്ത്രീസമത്വത്തിനായും പോരാടുന്ന, ചുവപ്പു കുപ്പായക്കാര്‍ ആരെന്ന് ചോദ്യം ഉന്നയിക്കുന്നതാണ് പാട്ട്. ‘വേള്‍ഡ് ഫുള്ളാ വര്‍ക്കിങ് ക്ലാസ്സ് ആള പോറ’ (ഭരിക്കുന്ന) നാള് വരുമെന്ന സ്വപ്നം പങ്കിട്ട സ്വാഗതഗാനം സദസ്സിന് ആവേശമായി.
കോമ്രേഡ് ഗാങ്സറ്റയിലെ ദിനേഷിന്റെ വരികള്‍ക്ക് ആനന്ദ് കാസ്ട്രോ ആണ് ഈണം നല്‍കിയിരിക്കുന്നത്. ദിനേഷ്, അബിഷ, രാജേന്ദ്ര പ്രസാദ് എന്നിവരാണ് ഗാനം ആലപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിനായി കോമ്രേഡ് ഗാങ്സ്റ്റ ഒരുക്കിയ സീറുകിന്റെ സെമ്പടൈക്ക് എന്ന തീം സോങ് ഇതിനോടകം ദേശീയ തലത്തത്തില്‍ ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. പത്ത് അംഗങ്ങളാണ് കോമ്രേഡ് ഗാങ്സ്റ്റയില് ഉള്ളത്. മാര്‍ക്സ്, അംബേദ്കര്‍ പെരിയാര്‍ എന്നിവരുടെ ആശയങ്ങളില്‍ ഊന്നിയാണ് സംഘത്തിന്റെ പാട്ടുകള്‍.