പട്ടാമ്പി : ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ താക്കീത്. സഹോദരിയെ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഫോണിൽ വിളിച്ച് താക്കീത് ചെയ്തത്. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും നേരിട്ടുവരാൻ അറിയാമെന്നുമാണ് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയോട് എംഎൽഎ പറയുന്നത്.
എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് ഫോൺസംഭാഷണം പുറത്തുവിട്ടത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എംഎൽഎയുടെ സഹോദരി പഞ്ചായത്തിൽ എത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്ന് എംഎൽഎ പറയുന്നു. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും.
നേരിട്ട് വരാൻ അറിയാം, ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് പെൺകുട്ടി അവിടെ നിന്ന് കരഞ്ഞിട്ടല്ലേ പോയത്. ഈ വർത്തമാനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ. വനിതാ മെമ്പർമാരോടും നിങ്ങൾ മോശമായി സംസാരിച്ചു എന്നും എംഎൽഎ ഫോൺ സംഭാഷണത്തിൽ പറയുന്നു. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറി സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.