തിരുവനന്തപുരം : വനവാസിയുടെ ജീവിതം ഇല്ലാതാക്കിയത് വനനിയമമാണെന്ന് പദ്മശ്രീ പുരസ്കാരം ജേതാവും നാട്ടുചികിത്സകയുമായ ലക്ഷ്മിക്കുട്ടി അമ്മ. ‘പണ്ടത്തപ്പോലയല്ല, മൃഗങ്ങള്‍ ഇപ്പോള്‍ അടുക്കളയിലാണ് വരുന്നത്. ആനയെ ഒന്നും ചെയ്യരുതെന്നാണ് മന്ത്രി പറയുന്നത്. കല്ലുകൊണ്ടല്ല, കുഞ്ഞുനാരങ്ങ കൊണ്ടേ എറിയാവൂ. ഇവിടെ ജനാധിപത്യമല്ല, മൃഗാധിപത്യമാണ്. തന്റെ മൂത്തമകനെയും മരുമകനെയും ആന കൊന്നതാണെന്നും’ ലക്ഷ്മിക്കുട്ടി അമ്മ പറഞ്ഞു. ഗാന്ധിഗ്രാം സംഘടിപ്പിച്ച ദളിത് കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ ഗവര്‍ണറില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
ടൂറിസത്തിന്റെ പേരില്‍ വനമാകെ നശിപ്പിച്ചു. അവിടെ മദ്യക്കുപ്പികളാണ്. സാമൂഹിക വനവല്‍ക്കരണം വന്നതോടെയാണ് വനം നശിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്തൊക്കെയാണ് ചെയ്യുന്നത്. ആദിവാസികള്‍ക്കടക്കം ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. തനിക്ക് വീടുകിട്ടി. അതിന് വാതില്‍ കിട്ടിയിട്ടില്ല. കട്ടുറുമ്പ് മുതല്‍ കരിമൂര്ഖന്വരെ കടിച്ചാല്‍ തന്റെയടുത്ത് ചികിത്സ തേടിയാളുകള്‍ വരുന്നുണ്ട്. ഇവ കടിക്കുന്നതൊന്നും രാഷ്ട്രീയം നോക്കിയല്ല. തനിക്ക് രാഷ്ട്രീയമില്ലെന്നും ലക്ഷ്മിക്കുട്ടി അമ്മ പറഞ്ഞു.
ജീവിതാനുഭവമാണ് ലക്ഷ്മിക്കുട്ടി അമ്മ പറഞ്ഞതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. ഇത് ശരിയാണെന്ന് തനിക്കറിയാം. ഗോവയില്‍ വനം മന്ത്രിയായി പ്രവര്‍ത്തിച്ചതാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റരീതി മനസ്സിലാക്കാവുന്നതേയുള്ളൂ. വയനാട്ടില്‍ പോയപ്പോള്‍ അവിടെ പട്ടികവര്‍ഗ വിഭാഗക്കാര്‍ അവരുടെ ജീവിതാനുഭവം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.