ന്യൂഡൽഹി : ചൈനയിൽ നിന്നുള്ള വൻകിട കമ്പനികളെ ഇന്ത്യയിലെ ആകർഷിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് പദ്ധതി ഉപേക്ഷിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ ഈ പദ്ധതി നാലുവർഷത്തിനുശേഷമാണ് വേണ്ടെന്നു വയ്ക്കുന്നത്.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 14 സെക്ടറുകൾക്ക് പുറത്തേക്ക് പദ്ധതിയുടെ ആനുകൂല്യം വ്യാപിപ്പിക്കില്ല. അതേസമയം ഇതിനോടകം 750 ഓളം കമ്പനികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഫോക്സ്കോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ പട്ടികയിലുണ്ട്. ഉത്പാദനത്തിൽ കേന്ദ്രം നിശ്ചയിക്കുന്ന ടാർജറ്റ് സമയബന്ധിതമായി മീറ്റ് ചെയ്യുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം അടക്കമാണ് കേന്ദ്രസർക്കാർ ഈ പദ്ധതി വഴി വാഗ്ദാനം ചെയ്തിരുന്നത്. ഇതിലൂടെ 2025 ആകുമ്പോഴേക്കും മാനുഫാക്ചറിങ് രംഗത്ത് 25% വളർച്ച നേടാനാകും എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
എന്നാൽ പദ്ധതിയിൽ ഭാഗമായ പല കമ്പനികൾക്കും ഉത്പാദനം തുടങ്ങാൻ സാധിക്കാത്തത് വലിയ തിരിച്ചടിയായി. കേന്ദ്രം പറഞ്ഞ ടാർജറ്റ് പൂർത്തീകരിച്ച കമ്പനികൾക്ക് ആകട്ടെ വാഗ്ദാനം ചെയ്ത സബ്സിഡി സമയത്തിന് കിട്ടിയതുമില്ല. ഈ പ്രോഗ്രാം വഴി 151.93 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് കമ്പനികൾ 2024 ഒക്ടോബർ വരെ ഉണ്ടാക്കിയത്. കേന്ദ്രസർക്കാർ നിശ്ചയിച്ച ടാർജറ്റിന്റെ 37% ആണിത്. എന്നാൽ കേന്ദ്രം നൽകിയത് 1.73 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് മാത്രമാണ്. ഇൻസെന്റീവിനായി നീക്കിവെച്ച തുകയുടെ 8% മാത്രമാണിത്.
പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര വാണിജ്യ മന്ത്രാലയവും ആണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നത്. പദ്ധതി ആരംഭിച്ച ശേഷം രാജ്യത്ത് മാനുഫാക്ചറിങ് സെക്ടറിൽ ഉൽപാദനം 15.4 ശതമാനം വരെ പുറകിലോട്ട് പോയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.