തൃശൂർ : ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരൻ ബി എ ബാലുവിനോട് ദേവസ്വം ബോർഡ് വിശദീകരണം തേടും. ഇന്ന് ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ജോലിയിൽനിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ഏത് സാഹചര്യത്തിലാണ് കത്ത് നൽകിയത് എന്നതിലാണ് വിശദീകരണം തേടുന്നത്.
ജാതി വിവേചനം നടന്നതായി ബോർഡിന് പരാതി ലഭിച്ചിട്ടില്ല എന്ന് ചെയർമാൻ സി കെ ഗോപി പറഞ്ഞു. ബാലുവോ ബന്ധപ്പെട്ട ആരും തന്നെ ജാതി വിവേചനം സംബന്ധിച്ച് പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ ബോർഡ് പരിശോധിക്കുമെന്ന് സികെ ഗോപി വ്യക്തമാക്കി. രണ്ടാഴ്ച കൂടി ലീവ് നീട്ടണമെന്ന് ബാലു കത്ത് നൽകിയിരുന്നു. ഓഫീസ് നിർവഹണത്തിന്റെ ഭാഗമായി അത് പരിഗണിക്കുമെന്ന് അദേഹം അറിയിച്ചു.
കഴകം ജോലിയിൽ നിലനിർത്തുക എന്ന സർക്കാരിൻറെ നിലപാട് കൂടൽമാണിക്യം ദേവസ്വം നിർവഹിക്കും. ഓഫീസ് ജോലിയിലേക്ക് മാറ്റണമെന്ന ബാലുവിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ചെയർമാൻ സി കെ ഗോപി വ്യക്തമാക്കി. കഴകം പ്രവർത്തിക്ക് നിയമിതനായ ഈഴവ സമുദായത്തിൽ പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിനിർത്തി എന്നായിരുന്നു ഉയർന്ന പരാതി.
കഴകം മാലകെട്ട് പ്രവർത്തിക്ക് ഈഴവ സമുദായത്തിൽ പെട്ടയാളെ നിയമിച്ച ദേവസ്വം ബോർഡിന്റെ ചരിത്ര തീരുമാനത്തിന് പിന്നാലെയായിരുന്നു പരാതി. അതേസമയം ക്ഷേത്രത്തിലെ ജാതി വിവേചന പരാതി തന്ത്രി കുടുംബം തള്ളി രംഗത്തെത്തിയിരുന്നു. കഴകം നിയമനം ദേവസ്വം ചട്ടങ്ങൾ മറികടന്നെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിരുന്നു.