തൃശ്ശൂര്‍ : 500 കോടിയുടെ ഇറീഡിയം തട്ടിപ്പ് നടന്നെന്ന് പരാതി. തൃശൂര്‍ ജില്ലാ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പല്‍ കൗണ്‍സിലറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി കെ ഷാജൂട്ടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ തട്ടിപ്പിന് ഇരയായവര്‍ പരാതിപ്പെട്ടാലേ കേസെടുത്ത് മുന്നോട്ടു പോകാനാകൂവെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയില്‍ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തില്‍ നിക്ഷേപം നടത്തിയാല്‍ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് 500 കോടിയോളം രൂപ സമാഹരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.
ഒരുലക്ഷംമുതല്‍ 25 ലക്ഷംവരെ ആയിരക്കണക്കിനാളുകളില്‍നിന്ന് സ്വീകരിച്ചതായാണ് പരാതി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് താഴെ ഒപ്പിട്ടുനല്‍കും. 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കില്‍ 10 കോടി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.
റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന് നല്‍കിയാണ് വലിയതുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേര്‍ന്നതിന്റെയും വ്യജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.