ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ട്രെയിന്‍ യാത്ര നല്‍കുന്നത് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. ജനറല്‍ ക്ലാസില്‍ 350 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ രാജ്യത്ത് വെറും 121 രൂപയാണ് വരുന്നത്, പാകിസ്ഥാനില്‍ ഇത് 435 രൂപയും ശ്രീലങ്കയില്‍ 413രൂപയും ബംഗ്ലാദേശില്‍ 323 രൂപയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ ഇരുപത് ശതമാനം വരെ നിരക്ക് ഈടാക്കുന്നതായും മന്ത്രി പറഞ്ഞു. 2020ന് ശേഷം ട്രെയിന്‍ നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ല. യാത്രക്കാര്‍ക്ക് നിരക്കില്‍ 47 ശതമാനം സബ്സിഡി നല്‍കുന്നതായും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ചുരുങ്ങിയ നിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ‘അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍, നമ്മുടെ യാത്രാ നിരക്കാണ് ഏറ്റവും കുറവ്. 350 കിലോമീറ്റര്‍ യാത്രക്ക് ഇന്ത്യയില്‍ ജനറല്‍ ക്ലാസിന് നിരക്ക് 121 രൂപയാണ് നിരക്ക്. പാകിസ്ഥാനില്‍ 436 രൂപയും ബംഗ്ലാദേശില്‍ 323 രൂപയും ശ്രീലങ്കയില്‍ 416 രൂപയുമാണ്,’ അദ്ദേഹം പറഞ്ഞു.
ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ യാത്രാ ചെലവ് 1.38 പൈസയാണ്. എന്നാല്‍ യാത്രക്കാരില്‍ 73 പൈസ മാത്രമാണ് ഈടാക്കുന്നത്. അതായത് യാത്രക്കാര്‍ക്ക് 47 ശതമാനം സബ്സിഡി നല്‍കുന്നതായി മന്ത്രി പറഞ്ഞു.