തിരുവനന്തപുരം : വാഹനയാത്രയെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുക എന്ന പാഠപുസ്തകത്തിലെ ചോദ്യത്തിന് രണ്ടാം ക്ലാസുകാരിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. പിണറായി അപ്പൂപ്പന് (മുഖ്യമന്ത്രി പിണറായി വിജയൻ) പറഞ്ഞിട്ട് താന്‍ സഞ്ചരിച്ച ആംബുലന്‍സിന് പൊലീസ് അകമ്പടി വന്നെന്ന് വ്യക്തമാക്കുന്ന കുട്ടിയുടെ കുറിപ്പാണ് വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചത്.
കോഴിക്കോട് പറമ്പില്‍ ബസാര്‍ എ എം യു പി സ്കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ് എന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടിപ്പിക്കല്‍ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം എന്ന അസുഖ ബാധിതയായ കുട്ടിയെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പോലീസ് അകമ്പടിയോടെ കോഴിക്കോട് നിന്നും പ്രത്യേക മെഡിക്കല്‍ ആംബുലന്‍സില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഈ സംഭവമാണ് കുട്ടി പാഠപുസ്തകത്തില്‍ ഡയറിക്കുറിപ്പായി പങ്കുവച്ചത്. കുറിപ്പിന്റെ ഫോട്ടോ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രി കുട്ടി നിലവില്‍ ആരോഗ്യവതിയാണ് എന്നും കുറിയ്ക്കുന്നു.
”ആംബുലന്‍സില്‍ ആയിരുന്നു യാത്ര. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക്. കുടെ ഉമ്മയും അബ്ബയും ഉണ്ടായിരുന്നു. മുന്നില്‍ പൊലീസ് ജീപ്പ് ഉണ്ടായിരുന്നു. ആംബുലന്‍സും പൊലീസ് ജീപ്പും വേഗത്തിലാണ് പോയത്. ആംബുലന്‍സിന് സൈറണ്‍ ഉണ്ടായിരുന്നു. പിണറായി അപ്പൂപ്പന് പറഞ്ഞിട്ടാണ് പൊലീസ് വന്നത് എന്ന് ഉമ്മ പറഞ്ഞു. ഞങ്ങള്‍ കുറേ നേരം യാത്ര ചെയ്തു.” എന്നാണ് നന്മയുടെ കുറിപ്പിലെ ഉള്ളടക്കം.