ന്യൂഡല്‍ഹി : വിമര്‍ശനം ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പോഡ്കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിലാണ് നരേന്ദ്ര മോദി ആഗോള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും വാചാലനാകുന്നത്. തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ ആത്മാവാണ്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആത്മാര്‍ത്ഥയോടുകൂടിയ ആഴത്തിലുള്ള വിമശനങ്ങള്‍ ഇന്നത്തെ കാലത്ത് കുറവാണ്. വിമര്‍ശനത്തിനും ആരോപണങ്ങളും വ്യത്യാസമുണ്ട്. വിമര്‍ശകരെ ചേര്‍ത്തുനിര്‍ത്തുക എന്നാണ് വേദങ്ങള്‍ ഉള്‍പ്പെടെ പറയുന്നത്. കാര്യക്ഷമമായ വിമര്‍ശനങ്ങള്‍ നമ്മളെ മെച്ചപ്പെടുത്താനും ദീര്‍ഘവീക്ഷണത്തോടെയും ജനാധിപത്യപരമായും പ്രവര്‍ത്തിക്കാനും സഹായിക്കും. പലപ്പോഴും ഉയരുന്ന വിമര്‍ശനങ്ങള്‍ വെറും ആരോപണങ്ങളാണ്. കാമ്പുള്ള വിമര്‍ശനങ്ങള്‍ക്ക് ആഴത്തിലുള്ള പഠനം ആവശ്യമാണ്. അസത്യങ്ങളില്‍ നിന്നും സത്യം കണ്ടെത്തേണ്ടതുണ്ട്. തെറ്റായ ആരോപണങ്ങള്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം, ശാന്തമായി എന്റെ രാജ്യ സേവനം തുടരുന്നു’. മോദി പറയുന്നു.
മൂന്ന് മണിക്കൂറിലധികം നീണ്ട സംഭാഷണത്തില്‍ പാകിസ്ഥാന്, യുക്രെയ്ന് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും മോദി പ്രതികരിച്ചു. യുക്രെയ്ന് – റഷ്യ എന്നീ രാജ്യങ്ങള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ചര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുന്നതിനെ മോദി സ്വാഗതം ചെയ്തു. ”ഭക്ഷണം, ഇന്ധനം, വളം എന്നിവയില്‍ ലോകം പ്രതിസന്ധി നേരിടുകയാണ്. ലോകത്ത് സമാധാനം പുലരാന്‍ ആഗോള സമൂഹം ഒന്നിക്കണം. സമാധാനത്തോടൊപ്പമാണ് എന്നും ഇന്ത്യയും താനും നിലകൊള്ളുന്നത്. സമാധാനമാണ് തന്റെ നിലപാട്.ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ്, നമ്മള് സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ലോകം നമ്മെ ശ്രദ്ധിക്കും. ഇന്ത്യക്കാരുടെയും രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്തുണയാണ് ആഗോള തലത്തില്‍ തനിക്ക് ലഭിക്കുന്ന അംഗീകാരം. മോദി എന്ന പേരല്ല എന്റെ ശക്തി, മറിച്ച് 140 കോടി ഇന്ത്യക്കാരാണ് ശക്തി” മോദി പറയുന്നു.
പാകിസ്ഥാന് ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധം തുടരുകയാണ്. തന്റെ പരാമര്‍ശം പ്രത്യയ ശാസ്ത്രങ്ങളുമായി കൂട്ടിക്കെട്ടരുത്. ലോകത്തെ ഭീകരതയുടെ വേരുകള്‍ പാകിസ്ഥാനില്‍ എത്തിനില്‍ക്കുകയാണ് എന്നും ഇന്ത്യന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.