ഭുവനേശ്വര്‍ : പ്രശസ്ത ഒഡിയ കവി രമാകാന്ത് രത് അന്തരിച്ചു. 90 വയസ്സായിരുന്നു. ഭുവനേശ്വറിലെ കാര്‍വേല്‍ നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ഒഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ ആധുനിക കവികളില്‍ ഒരാളാണ് രമാകാന്ത് രത്. പത്മവിഭൂഷണ്‍, സരസ്വതി സമ്മാന്‍ ബിഷുവ സമ്മാൻ, സരള അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡന്റാണ്. ബ്യൂറോക്രാറ്റ് ആയിരുന്ന അദ്ദേഹം, അന്തരിച്ച ബിജു പട്നായിക് ഒഡീഷ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച നന്ദിനി സത്പതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇതിഹാസകാവ്യമായ ശ്രീരാധ ഏറെ പ്രശസ്തമാണ്. കാതെ ദിനാര, സന്ദിഗ്ധ മൃഗയ, സപ്തമ ഋതു, സചിത്ര അന്ധാര, ശ്രേഷ്ഠ കവിത തുടങ്ങിയവ രമാകാന്തിന്റെ പ്രശസ്ത കൃതികളാണ്.