കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന തുടരുന്നതിനിടെ ആശമാർക്ക് സാമ്പത്തിക പിന്തുണ നൽകാനൊരുങ്ങി കോഴിക്കോട് പെരുവയൽ പഞ്ചായത്ത്. ആശമാർക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് ഒരു നിശ്ചിത തുക നൽകുന്ന പദ്ധതി പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ആശമാർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് ഭരിക്കുന്ന പെരുവയൽ പഞ്ചായത്തിൻറെ നടപടി. ആശമാർക്ക് മാസത്തില്‍ 2000 രൂപ അധിക വേതനം നല്‍കാനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. സർക്കാരിൻറെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പഞ്ചായത്തിന് തീരുമാനമെടുക്കാൻ സാധിക്കൂ. അനുമതി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും.
25 ആശമാരാണ് പെരുവയൽ പഞ്ചായത്തിലുള്ളത്. ആശവർക്കർമാരുടെ ആവശ്യം സർക്കർ അനുവദിക്കുന്നത് വരെ അധിക തുക നൽകാനാണ് പെരുവയൽ പഞ്ചായത്ത് സർക്കാരിനോട് അനുമതി തേടിയത്.
അതേസമയം, വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 35ാം ദിനത്തിലാണ്. ആശമാരുടെ വേതനത്തിൽ വർധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ നാളെ സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. അതേസമയം സമരത്തിന്റെ രൂപവും ഭാവവും മാറുന്നതോടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാർ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ആശമാർ.