തിരുവനന്തപുരം : ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ചത്. ഇസിജിയിൽ വ്യത്യാസമുണ്ട്.
ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം വാങ്ങിയതെന്ന് പരാതിക്കാരനായ മനോജ് പറഞ്ഞു. എറണാകുളം കടവന്ത്രയിൽ ജോലി ചെയ്യുന്ന അലക്സ് മാത്യു പണം വാങ്ങാൻ വേണ്ടി മാത്രമാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. പണം നൽകിയില്ലെങ്കിൽ ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റും എന്നായിരുന്നു ഭീഷണി.
10 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിരന്തരം പണം ആവശ്യപ്പെട്ടതോടെ മനോജ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് 2 ലക്ഷം രൂപ വാങ്ങാൻ മനോജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയപ്പോൾ വിജിലൻസ് അലക്സിനെ കയ്യോടെ പിടികൂടി. പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നിവൃത്തികേട് കൊണ്ടാണ് പരാതി നൽകിയതെന്നും മനോജ് പറഞ്ഞു.
മനോജ് നൽകിയ പണം കൂടാതെ ഒരുലക്ഷം രൂപ കൂടി അലക്സിൽ നിന്നും വിജിലൻസ് കണ്ടെത്തി. പ്രതി കൈക്കൂലി വാങ്ങിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് വിജിലൻസ് അറിയിച്ചു. പ്രതി മറ്റ് ഏജൻസി ഉടമകളിൽനിന്നും കൈക്കൂലി വാങ്ങാറുണ്ടെന്ന ആരോപണവും വിജിലൻസ് അന്വേഷിക്കും. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തും. തിരുവനന്തപുരത്ത് കൂടാതെ അലക്സ് മാത്യുവിന്റെ എറണാകുളത്തെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി.