കൊച്ചി : അപകടാവസ്ഥയിലായ വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്സിലെ ബി, സി ടവറുകള്‍ ആറ് മാസത്തിനുള്ളില്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശം. ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച വിദഗ്ധ സംഘത്തിന്റെതാണ് നിര്‍ദേശം. മരടിലെ ഫ്ലാറ്റ് പൊളിക്കാന്‍ നേതൃത്വം നല്കിയ വിദഗ്ധരാണ് പരിശോധനയ്ക്ക് എത്തിയത്. ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ ഉള്‍പ്പെടെ മുഴുവന്‍ പൊളിക്കല്‍ പ്രക്രിയയ്ക്കും കുറഞ്ഞത് 10 മാസമെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ‘താമസക്കാരെ പൂര്‍ണമായി ഒഴിപ്പിച്ച ശേഷം രണ്ട് മാസത്തിനുള്ളില്‍ പൊളിക്കല്‍ പദ്ധതി തയ്യാറാക്കും. പൊളിച്ചുമാറ്റിയ ശേഷം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മറ്റൊരു രണ്ടോ മൂന്നോ മാസം എടുക്കും. അതിനാല്‍, മൊത്തം പ്രക്രിയയ്ക്ക് കുറഞ്ഞത് 10 മാസമെടുക്കും,’-സ്ട്രക്ചറല്‍ എഞ്ചിനീയര്‍ അനില്‍ ജോസഫ് പറഞ്ഞു.
26 നിലകളുള്ള രണ്ട് കെട്ടിടങ്ങളും താമസ യോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും വിദഗ്ധ സംഘം വിലയിരുത്തി. ഒരൊറ്റ സ്ഫോടനത്തിലൂടെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം. അവശിഷ്ടങ്ങള്‍ നീക്കാന്‍ മൂന്നുമാസം കൂടി വേണ്ടിവരും. ഇതേസ്ഥലത്തുതന്നെ പുതിയഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാം. ചന്ദര്‍ കുഞ്ച് അപ്പാര്‍ട് മെന്റിലെ ബി,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്, എ ബ്ലോക്ക് അതേപടി നിലനിര്‍ത്തും.
ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്സിലെ ബി, സി ടവറുകള്‍ പൊളിക്കാനും പുനര്‍നിര്‍മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെട്ടിടം പൊളിക്കുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും ചെലവായ 175 കോടി രൂപ എഡബ്ല്യുഎച്ച്ഒ നല്‍കണം. അധിക ചെലവുണ്ടായാല്‍ അതും വഹിക്കണം. എന്നാല്‍ നിലവിലുള്ള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പ്രകാരം, ടവര്‍ നിലനിന്നിരുന്ന സൈറ്റില്‍ കൂടുതല്‍ നിലകളോ ഏരിയയോ നിര്‍മിക്കാന്‍ എഡബ്ല്യുഎച്ച്ഒയ്ക്കു അനുമതി തേടാമെന്നും ഉത്തരവില്‍ പറയുന്നു.