തിരുവനന്തപുരം : മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി . തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി സ്നേഹലതയാണ് വഞ്ചിക്കപ്പെട്ടത്. . കൊല്ലം പാരിപ്പള്ളി സ്വദേശി സുമേഷിന് എതിരെ നെടുമങ്ങാട് പൊലീസ് കേസ് എടുത്തു.
ടിഷ്യു പേപ്പർ യൂണിറ്റ് തുടങ്ങുന്നതിനാണ് സ്നേഹലത നെടുമങ്ങാട് എസ്. ബി. ഐയിൽ നിന്നും 10 ലക്ഷം രൂപ മുദ്ര ലോണിന് അപേക്ഷിച്ചത് . പാരിപ്പള്ളി ആസ്ഥാനമായ എ എ ആർ ലോൺസ് എന്ന സ്ഥാപനം വഴിയാണ് ലോണിന്ന് അപേക്ഷ നൽകിയത് . ഈ സ്ഥാപനത്തിൻ്റെ ഉടമസ്ഥനാണ് സുമേഷ്. സുമേഷിൻ്റെ ജീവിത പങ്കാളിയുടെ പേരിലുള്ള എസ്. ആർ ട്രേഡേഴ്സ് എന്ന കമ്പനിയിലേക്ക് ലോൺ തുക വരുമെന്നും ഈ കമ്പനിയാണ് മെഷീൻ നൽകുക എന്നുമാണ് പറഞ്ഞതെന്ന് പരാതിക്കാരി പറയുന്നു . എസ്. ആർട്രേയ്ഡേഴ്സിലേക്ക് മുദ്ര ലോൺ തുകയായ എട്ടു ലക്ഷം രൂപ വന്നു. രണ്ട് ലക്ഷം രൂപ സ്നേഹലതയും നൽകി. എന്നാൽ മെഷീൻ നൽകാൻ തയ്യറായില്ല .
നിരന്തരം ആവശ്യപെട്ടതിന് പിന്നാലെ 10 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം മാത്രമാണ് നൽകിയതെന്നാണ് പരാതി. സ്നേഹലതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പൊലീസ് സുമേഷിന് എതിരെ കേസ് എടുത്തു. വഞ്ചന , സാമ്പത്തിക തട്ടിപ്പ് ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. മുദ്രാ ലോണിൻ്റെ പേരിൽ ഇതെ സ്ഥാപനത്തിൽ നിന്നും മറ്റ് പലരും വഞ്ചിക്കപ്പെട്ടതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം പൂർണ്ണമായും നിഷേധിക്കുകയാണ് സുമേഷ്.