കൊച്ചി : പ്രതീക്ഷകള്‍ക്ക് വിപരീതമായി മൂന്നാമത്തെ വന്ദേ ഭാരത് സര്‍വീസിനായി കേരളം ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്പെഷ്യല്‍ ഉടന്‍ തന്നെ സ്ഥിരം സര്‍വീസ് ആക്കുമെന്നായിരുന്നു മലയാളികളുടെ പ്രതീക്ഷ. എന്നാല്‍ ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സര്‍വീസ് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മൂന്നാമത്തെ വന്ദേ ഭാരത് പ്രഖ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ‘സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍, പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനുകളിലെ മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. റേക്കുകള്‍ പോലും ഇവിടെ എത്തിയിട്ടില്ല.’-റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളെ ഏറ്റവും വിജയകരമാക്കിയ സംസ്ഥാനമാണ് കേരളം. സ്ഥിരം സര്‍വീസുകളായ തിരുവനന്തപുരം- കാസര്‍കോഡ് വന്ദേ ഭാരതും തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരതും കൂടാതെ കഴിഞ്ഞ വര്‍ഷം താത്കാലികമായി സര്‍വീസ് നടത്തിയ എറണാകുളം ബംഗളൂരു വന്ദേ ഭാരതും യാത്രക്കാര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. ആവശ്യത്തിന് സീറ്റ് ലഭ്യമല്ല എന്നത് മാത്രമായിരുന്നു യാത്രക്കാരുടെ പരാതി. ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസാക്കി മാറ്റണമെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്.
സര്‍വീസ് നടത്തിയത് കുറച്ചുദിവസങ്ങള്‍ മാത്രമാണെങ്കിലും റെയില്‍വേയ്ക്ക് ലാഭം മാത്രം സമ്മാനിച്ച ട്രെയിന്‍ ആയിരുന്നു എറണാകുളം- ബംഗളൂരു വന്ദേ ഭാരത്. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സര്‍വീസ് വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ റെയില്‍വേ തേടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എറണാകുളത്ത് നിന്ന് ആരംഭിക്കുന്നതിന് പകരം തിരുവനന്തപുരം- ബംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ഓടിക്കാനാണ് ആലോചന എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങിലാണ് ബംഗളൂരു വന്ദേ ഭാരതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ വന്ദേ ഭാരത് പ്രഖ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചത്.