കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ കശുവണ്ടി വിളവെടുപ്പ് ജോലിക്കായി വയനാട്ടില്‍ നിന്നും ഊരത്തൂരിലെത്തിയ ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനി(37) ആണ് താമസസ്ഥലത്ത് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ (41) പൊലീസ് അറസ്റ്റു ചെയ്തു.
തലയ്ക്കും വയറിനുമേറ്റ ക്ഷതമാണ് രജനിയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ ഭാര്യ രജനിയെ മര്‍ദ്ദിച്ചതായി ബാബു ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. രജനിയുടെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കുകയും ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേല്‍ക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. തല തറയിലിടിച്ചതിനാല്‍ പിന് ഭാഗത്ത് ഗുരുതര പരിക്കുമുണ്ടായിരുന്നു.
ഇരിക്കൂര്‍ ബ്ളാത്തൂര് സ്വദേശി ആഷിഖ് പാട്ടത്തിനായെടുത്ത തോട്ടത്തില്‍ കശുവണ്ടി വിളവെടുപ്പിനായി വയനാട്ടില്‍ നിന്നും കൂലിപ്പണിക്കായി കൊണ്ടുവന്നതായിരുന്നു രജനിയെയും ബാബുവിനെയും. ചെങ്കല്‍ കൊത്തിയൊഴിഞ്ഞ ഊരത്തൂരിലെ പണയില്‍ ഷെഡ് കെട്ടിയാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്. ഇവര്‍ക്ക് ഏഴുകുട്ടികളാണുളളത്. അതില്‍ അഞ്ചു പേര് വയനാട്ടിലും രണ്ടു ചെറിയ കുട്ടികള്‍ ദമ്പതികളോടൊപ്പവുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാത്രി മദ്യം വാങ്ങി കൊണ്ടു വന്ന് ഇരുവരും കുടിക്കുകയും, തുടര്‍ന്ന് വഴക്കുണ്ടാകുകയും ചെയ്തതായി അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബാബു തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇരിക്കൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്. വയനാട്ടില്‍ വെച്ചും മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചതിന് ബാബുവിനെതിരെ കേസുണ്ട്.
തലയോല പുഴയില്‍ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്ജേഷ്, ബിജിന് ബാബു എന്നിവരാണ് മക്കള്‍. ഇതില്‍ അഞ്ചുവയസുളള രഞ്ജേഷും നാലുവയസുളള ബിബിന്‍ബാബുവുമാണ് ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരോടൊപ്പം കശുവണ്ടി വിളവെടുപ്പിനായി മറ്റു ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്.