കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്.
കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.