ന്യൂഡല്‍ഹി : രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിച്ചു വരുന്ന ‘എംപാഗ്ലിഫ്ലോസിന്‍’ എന്ന മരുന്നിന്റെ വിലയാണ് കുറയുക. ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്ലോസിന്റെ ജനറിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും
എംപാഗ്ലിഫ്ലോസിനുമേല്‍ ജര്‍മന്‍ ഫാര്‍മ കമ്പനിക്കുള്ള പേറ്റന്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉല്പാദനം സാധ്യമാകുന്നത്. മാന്‍കൈന്‍ഡ് ഫാര്‍മ, ടൊറന്റ്, ആല്‍ക്കെം, ഡോ.റെഡ്ഡീസ്, ലൂപിന് തുടങ്ങിയവയാണ് ഈ മരുന്നു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍നിര കമ്പനികള്‍.
എംപാഗ്ലിഫ്ലോസിന്‍ വിപണിയുടെ മൂല്യം 640 കോടി രൂപയാണ്. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ആശുപത്രിവാസം കുറയ്ക്കുന്നതിനും, വൃക്കരോഗം മൂര്‍ഛിക്കാതിരിക്കാനും, പ്രമേഹ രോഗികളിലും പ്രമേഹമില്ലാത്തവരിലും അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കുന്നു.
10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് 2023 ലെ ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നത്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ പ്രമേഹ രോഗികളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും.