പത്തനംതിട്ട : എ.പത്മകുമാർ അതൃപ്തി പരസ്യമാക്കിയതോടെ പത്തനംതിട്ട സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി വീണാ ജോർജിനെ പരിഗണിച്ചത് എതിർ ഗ്രൂപ്പിൽ അസ്വസ്ഥത രൂപപ്പെടുത്തിയിട്ടുണ്ട്.പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ നേതൃത്വം.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ പാർട്ടിയുടെ പ്രബല നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞു പോരടിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പത്തനംതിട്ടയിലെ സിപിഐഎം നേതൃത്വം. വീണാ ജോർജിനെ പരിഗണിച്ചതിനെതിരെ പരസ്യമാക്കിയത് തന്റെ അഭിപ്രായം മാത്രമല്ലെന്നും ജില്ലയിലെ മറ്റ് ചില നേതാക്കൾക്കും സമാന അഭിപ്രായമുണ്ടെന്നും പത്മകുമാർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇത് ജില്ലാ നേതൃത്വത്തിനും ബോധ്യമായതോടെയാണ് നടപടിക്ക് പകരം അനുനയ നീക്കങ്ങളുണ്ടായത്. ജനപ്രതിനിധിയായി മാത്രം പ്രവർത്തന പരിചയമുള്ള വീണാ ജോർജിന് സിപിഐഎം അമിത പരിഗണന നൽകുന്നുവെന്ന പരാതി പത്തനംതിട്ട ജില്ലയിലെ പാർട്ടിക്കുള്ളിൽ ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. ജില്ലയിൽ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഒരാളെ പോലും ഉൾപ്പെടുത്താത്തതിലും അമർഷം പ്രകടമാണ്. ജില്ലയിലെ സംഘടന സംവിധാനത്തിന് പരിക്കേൽക്കാത്ത തരത്തിൽ പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐഎം.