കൊച്ചി : അസോസിയേഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്(കെഎച്ച്സിഎഎ) മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടത്തെ സസ്പെന്‍ഡ് ചെയ്തു. വനിതാ അഭിഭാഷകയോട് ജസ്റ്റിസ് എ ബദറുദ്ദീന്‍ മോശമായി പെരുമാറിയെന്ന ആരോപണത്തുടര്‍ന്നുള്ള പ്രശ്നം പരിഹരിക്കുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. വനിതാ അഭിഭാഷകയോടൊപ്പം പൂന്തോട്ടം യോഗത്തില്‍ പങ്കെടുത്തതിനാണ് നടപടി.
ഇന്ന് നടന്ന അസോസിയേഷന് ജനറല്‍ ബോഡി യോഗത്തിലാണ് പൂന്തോട്ടത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. അഭിഭാഷകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീനെതിരായ ബഹിഷ്കരണം അവസാനിപ്പിക്കാന്‍ അസോസിയേഷന് തീരുമാനിച്ചു.
ജോര്‍ജ് പൂന്തോട്ടവും മറ്റ് അഭിഭാഷകരും അവതരിപ്പിച്ച പ്രമേയത്തെത്തുടര്‍ന്ന് ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി ബഹിഷ്കരിക്കാന്‍ അസോസിയേഷന് വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. വനിതാ അഭിഭാഷകയെ അപമാനിച്ചതിനെത്തുടര്‍ന്ന് ജഡ്ജി പരസ്യമായി മാപ്പു പറയണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. പരേതനായ അഡ്വ.അലക്സ് സ്കറിയയുടെ വിധവയായ അഭിഭാഷക, ഭര്‍ത്താവിന്റെ മരണ ശേഷം വക്കാലത്ത് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. 2025 ജനുവരി 8ന് അഡ്വ.അലക്സ് സ്കറിയ അന്തരിച്ചു. മാര്‍ച്ച് എട്ടിന് അദ്ദേഹം നടത്തിയിരുന്ന കേസ് വിളിച്ചപ്പോള്‍ അഭിഭാഷകയായ അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ ഹാജരാകുകയും മരണവാര്‍ത്ത അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കേസില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരാണ് അലക്സ് സ്കറിയ എന്നാണ് ജഡ്ജി ചോദിച്ചത്. കണ്ണു നിറഞ്ഞ അലക്സ് സ്കറിയയുടെ ഭാര്യയെ കണ്ടിട്ടും വീണ്ടും അദ്ദേഹം പരുഷമായ പെരുമാറ്റം തുടര്‍ന്നുവെന്നാണ് അഭിഭാഷകരുടെ ആരോപണം
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ ചേംബറില്‍ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖിന്റേയും മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടത്തിന്റേയും സാന്നിധ്യത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ അഗാധമായ ഖേദം പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് എട്ടിന് എല്ലാ തുടര്‍ നടപടികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷക അസോസിയേഷന് ഒരു കത്തയച്ചു. ഈ സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് അസോസിയേഷന്റെ അനുമതിയില്ലാതെ ജഡ്ജി അഭിഭാഷക പ്രശ്നത്തില്‍ മധ്യസ്ഥനായ അഡ്വ.ജോര്‍ജ് പൂന്തോട്ടത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.