ഇടുക്കി : ഇടുക്കി പരുന്തും പാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന് പിന്നാലെ വനം വകുപ്പും അന്വേഷണം തുടങ്ങി.കോട്ടയം ഡിഎഫ്ഒ എൽ.രാജേഷിനാണ് അന്വേഷണച്ചുമതല. റവന്യൂ ഭൂമിക്ക് പുറമെ വനമേഖലയിലും കയ്യേറ്റമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പി.സി.സി.എഫ് വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകിയത്.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്ററുകളിൽ പലതും കാണാനില്ലെന്ന കണ്ടെത്തലുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനഭൂമി കയ്യേറിയത് ഇടുക്കി ജില്ലയിലാണെന്നും ഹൈറേഞ്ച് സർക്കിളിൽ മാത്രം 1998 ഹെക്ടർ സ്ഥലത്ത് കയ്യേറ്റമുണ്ടെന്നും വനം വകുപ്പിൻ്റെ 2021-22 വർഷത്തെ ഭരണ റിപ്പോർട്ടിലും പറയുന്നു.
ഭൂരേഖകൾ പരിശോധിച്ച് വനം,റവന്യൂ ഭൂമികൾ തിട്ടപ്പെടുത്തി കയ്യേറ്റമുണ്ടെങ്കിൽ തുടർ നടപടികളിലേക്ക് കടക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. കയ്യേറ്റം വ്യാപകമായ പീരുമേട് വില്ലേജിലെ സർവേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724,813,896 എന്നിവിടങ്ങളിൽ മെയ് രണ്ട് വരെ ജില്ലാ കലക്ടർ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കാലങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒത്താശയും കയ്യേറ്റത്തിന് പിന്നിലുണ്ടെന്ന ആരോപണമുയർന്നതോടെ കയ്യേറ്റമൊഴിപ്പിക്കാൻ പതിനഞ്ചംഗ സംഘത്തെയും കളക്ടർ നിയോഗിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ വ്യാപക കയ്യേറ്റമെന്ന് പരാതിയുണ്ടായിട്ടും ചില പ്രത്യേക കേസുകളിൽ മാത്രമാണ് നടപടികളുണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.