റോഹ്താക് : ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ഫെയ്സ്ബുക്ക് സുഹൃത്ത്. 22 കാരിയായ ഹിമാനിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ 30കാരനായ ദില്ലു എന്നറിയപ്പെടുന്ന സച്ചിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് ഹിമാനിയും സച്ചിനും പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ വെറും 7 മാസത്തെ പരിചയമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. ഹരിയാനയിലെ ഝജ്ജാർ സ്വദേശിയാണ് പ്രതി. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
വിജയ നഗറിൽ ഒറ്റയ്ക്കാണ് ഹിമാനി താമസിച്ചിരുന്നത്. ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചതിനു ശേഷം ഇടയ്ക്കിടെ സച്ചിൻ ഹിമാനിയുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് ഹിമാനിയുടെ വീട്ടിലെത്തിയ സച്ചിൻ ഒരു രാത്രി അവിടെ തങ്ങിയിരുന്നു. പിറ്റേ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതാണ് കൊലയ്ക്കു കാരണം. കുപിതനായ സച്ചിൻ ഹിമാനിയുടെ കൈകൾ ദുപ്പട്ട കൊണ്ട് കെട്ടിയ ശേഷം മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
പിന്നീട് മൃതദേഹവും രക്തം പുരണ്ട കിടക്ക വിരിയും പെട്ടിയിലാക്കി. ഹിമാനിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ആഭരണങ്ങൾ എന്നിവയും സച്ചിൻ കവർന്നിരുന്നു. കൊലപാതകത്തിനു ശേഷം ഫോണുകളും ലാപ്ടോപ്പുമായി ഹിമാനിയുടെ സ്കൂട്ടറിലാണ് ഇയാൾ ഝജ്ജാറിലേക്ക് പോയത്.
അവിടെ തിരിച്ചു വന്നതിനു ശേഷം മൃതദേഹമടങ്ങിയ പെട്ടിയുമായി ഓട്ടോ പിടിച്ച് ഡൽഹി ബൈപാസ് സിറ്റിയിലേക്കും അവിടെ നിന്ന് ബസിൽ സാംപ്ലയിലേക്കും പോയി. ബസ് സ്റ്റാൻഡിനു സമീപത്തെ കുറ്റിക്കാട്ടിനടുത്തേക്ക് ഏതാണ്ട് 80 മീറ്ററോളം നടന്നതിനു ശേഷമാണ് സ്യൂട്ട് കേസുപേക്ഷിച്ചതെന്നും ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സച്ചിൻ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയ പെട്ടിയും വലിച്ച് നടക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ 3 ദിവസത്തേക്ക് കോടതി റിമാൻഡിൽ വിട്ടു.