മുംബൈ : മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അറിയിച്ചു. സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് വധത്തില്‍ ധനഞ്ജയ് മുണ്ടെയുടെ അടുത്ത അനുയായി വാല്‍മിക് കാരാഡ് അറസ്റ്റിലായിരുന്നു.
കേസില്‍ വാല്മീക് കാരാഡ് ആണ് ഒന്നാംപ്രതി. ഇതോടെ കൊലപാതകത്തില്‍ മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കും അറിവുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രി ധനഞ്ജയ് മുണ്ടെയെ വിളിച്ച് മന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായ ധനഞ്ജയ് മുണ്ടെ, ബീഡ് ജില്ലയിലെ പാര്‍ലി മണ്ഡലത്തില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയാണ്. ബീഡ് ജില്ലയുടെ ഗാര്ഡിയന് മന്ത്രി കൂടിയാണ്. സര്‍പഞ്ച് വധക്കേസിലും, മറ്റു രണ്ടു കേസുകളിലും കാരാഡിനെ ഒന്നാം പ്രതിയാക്കി സിഐഡി കുറ്റപത്രം സമര്‍പ്പിച്ചതോടെ, അനന്തര നടപടി ചര്‍ച്ച ചെയ്യാന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ കഴിഞ്ഞദിവസം രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് ബീഡ് ജില്ലയിലെ ഒരു ഊര്‍ജ്ജ കമ്പനി കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞു എന്നാരോപിച്ച്, ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ചായ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ദേശ്മുഖിന്റെ കൊലപാതകവും അനുബന്ധ രണ്ട് കേസുകളും സംബന്ധിച്ച് സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) ഫെബ്രുവരി 27 നാണ് ബീഡ് ജില്ലയിലെ കോടതിയില്‍ 1,200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
സര്‍പഞ്ചിന്റെ കൊലപാതകം, ആവാദ കമ്പനിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം, സ്ഥാപനത്തിന്റെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കേസുകള്‍ ബീഡിലെ കെജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളിലെ പ്രതികള്‍ക്കെതിരെ പൊലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എംസിഒസിഎ) ചുമത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ ഏഴു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.