ന്യൂഡൽഹി : ഭരണഘടന 75 വർഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്നു പൊലീസ് മനസിലാക്കണമെന്നു സുപ്രീം കോടതി. സമൂഹ മാധ്യമത്തിൽ കവിത പങ്കുവച്ചതിനു തന്റെ പേരിൽ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഡി നൽകിയ ഹർജി വിധി പറയാൻ മാറ്റിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
‘യെ ഖൂൻ കി പ്യാസി ബാത് സുനോ’- എന്ന കവിതയാണ് പങ്കുവച്ചത്. ഇതിനു മതവുമായി യാതൊരു ബന്ധവുമില്ലെന്നു കോടതി പറഞ്ഞു. കവിതയെ ജനങ്ങൾ മറ്റൊരു രീതിയിലാണ് മനസിലാക്കിയതെന്നു ഗുജറാത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
സർഗാത്മകതയോട് ആർക്കും ബഹുമാനമില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നു ജസ്റ്റിസ് എഎസ് ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. അനീതി നേരിടുമ്പോൾ പോലും അതിനെ സ്നേഹത്തോടെ നേരിടാനാണ് കവിതയിൽ പറയുന്നതെന്നു അതിന്റെ വിവർത്തനം വായിച്ച ശേഷം കോടതി വ്യക്തമാക്കി. സമാധാനത്തിനു ആഹ്വാനം ചെയ്തുകൊണ്ടുള്ള സമൂഹ മാധ്യമ പോസ്റ്റായിരുന്നു അതെന്നും ബെഞ്ച് പറഞ്ഞു.
അതേസമയം സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിലാണ് കവിത പോസ്റ്റ് ചെയ്തത് എന്നതിനാൽ ഉത്തരവാദിത്വം ഇമ്രാൻ എടുക്കണമെന്നു സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് കുറച്ചു യുക്തിബോധം കാണിക്കണമെന്നു ബെഞ്ച് പ്രതികരിച്ചു.
എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടു ഗുജറാത്ത് ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങളെക്കുറിച്ചു നിരീക്ഷണം നടത്തണമെന്നു ഇമ്രാനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. സാമുദായിക സൗഹാർദം തകർക്കാൻ ശേഷിയുള്ള കവിതയാണെന്നുൾപ്പെടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിക്കെതിരെ പരാമർശം ആവശ്യമില്ലെന്നു സോളിസിറ്റർ ജനറൽ പറഞ്ഞു.