കണ്ണൂര്‍ : മഹാകുംഭമേളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ഫുട്ബാള്‍ താരം സികെ വിനീത്. സമൂഹമാധ്യമത്തിലൂടെ ചില തത്പരകക്ഷികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിന്റെ ചുവടുപിടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ‘നിരീക്ഷകനാ’യെത്തുന്ന വ്യക്തിയും തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്താനാണ് ഫെയ്സ്ബുക്ക് ലൈവുമായി എത്തിയതെന്നും വിനീത് പറഞ്ഞു.
‘ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് പറഞ്ഞ പ്രിയപ്പെട്ടവരോടാണ്, എന്റെ പ്രതികരണം കൊണ്ട് ഇവരെയൊക്കെ നന്നാക്കി കളയാമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. മറിച്ച് ഈ കളകള്‍ സമൂഹത്തില്‍ മുളച്ച് തുടങ്ങിയപ്പോള്‍ തന്നെ പറിച്ചു കളഞ്ഞിരുന്നുവെങ്കില്‍ ഇന്നിതൊരു ഇത്തിള്‍ക്കണ്ണിയായി പടരില്ലായിരുന്നു’ എന്നു പറഞ്ഞാണ് വിനീത് വീഡിയോ പങ്കുവച്ചത്.
‘സത്യത്തില്‍ ഈ നീരീക്ഷകരുടെ പ്രശ്നമെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കുംഭമേളയില്‍ വച്ച് ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നല്ല അടിക്കുറിപ്പോടെ എന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ്. വിശ്വാസികള്‍ കുളിക്കുന്ന ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ, എന്റെ രാഷ്ട്രീയ നിലപടുകളാണോ അവരുടെ പ്രശ്്നം. കുംഭമേളയിലേക്കുള്ള എന്റെ യാത്ര തന്നെ അത് അനുഭവിച്ച് അറിയാനായിരുന്നു. അതില്‍ നല്ലതും മോശമായതും ഉണ്ടാകാമെന്ന് എനിക്ക് ബോധ്യമുണ്ട്. ആ ചര്‍ച്ചയില്‍ സമയക്കുറവുമൂലം തന്റെ കാഴ്ചപ്പാടിലെ പ്രസക്തമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്.
കുംഭമേളയുടെ രാഷ്ട്രീയമോ അതിന്റെ കുറവുകളോ കാണിക്കല്‍ ആയിരുന്നില്ല എന്റെ ലക്ഷ്യം. അത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതായി എവിടെയും കാണിക്കാനും പറ്റില്ല. കുംഭമേള മോശമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പറഞ്ഞുകേട്ടത്ര മഹാസംഭവമായി തോന്നിയിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അതിനര്‍ഥം കുംഭമേള മോശമെന്നല്ലല്ലോ? ചിലര്‍ക്ക് അത് അങ്ങനെ തോന്നുന്നുവെങ്കില്‍ അവരുടെ കാഴ്ചപ്പാടിന്റെ മാത്രം പ്രശ്നമാണ്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഫോട്ടോകളാണ് നീരീക്ഷകന്റെ ഒരു പ്രശ്നം. അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് പങ്കുവച്ചത്. അത് മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കണമെന്ന തന്റെ വിശ്വാസത്തിന്റെ പുറത്താണ്. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്ക് ഗംഗയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാകുമെന്നാണ് ഞാന്‍ അവിടെ പറഞ്ഞത്. അതില്‍ എന്താണ് തെറ്റ്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മറ്റുള്ളവര്‍ക്ക് മുന്നില്‍ എന്തിനാണ് സ്വയം അപഹാസ്യരാകുന്നത്. അവിടെ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. അവിടെ ആള്‍ക്കൂട്ടം മാത്രമാണോ കണ്ടതെന്നാണ് നിരീക്ഷകന്റെ മറ്റൊരു കണ്ടെത്തല്‍. ഞാന്‍ അവിടെ എത്തിയവരെ പറ്റി വിസ്തരിച്ച് ആ ചര്‍ച്ചയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഗംഗയിലെ വെള്ളത്തില്‍ കുളിച്ചാല്‍ ചൊറി വരുമെന്ന് പറഞ്ഞതാണ് നീരീക്ഷകന്റെ മറ്റൊരു പ്രശ്നം. ഗംഗയിലെ ജലത്തിലെ അഴുക്കിനെ കുറിച്ച് ശങ്കരാചാര്യര്‍ പറയുന്ന വീഡിയോയും വിനീത് പങ്കുവച്ചു. ചാനല്‍ ചര്‍ച്ചയില്‍ എന്റെ നീരീക്ഷണം തന്നെയാണ് രാഷ്ട്രീയ നിരീക്ഷന് മറ്റൊരു തരത്തില്‍ ചര്‍ച്ചയില്‍ പങ്കുവച്ചത്. കൂടാതെ ഇതേക്കുറിച്ച് പ്രയാഗ് രാജിലെ നോഡല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസിലെ പത്രവാര്‍ത്തയും എടുത്തുകാട്ടി.
വ്യക്തിപരമായ ആക്രമണം ആയതുകൊണ്ടാണ് ഇത് പറയുന്നത്. എരിവും പുളിയും എന്റെ രാഷ്ട്രീയവും ചേര്‍ത്ത് രാഷ്ട്രീയ നിരീക്ഷകന്റെ പോസ്റ്റ് വന്നതിന് ശേഷമാണ് വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായത്. ഇവരുടെ ലക്ഷ്യം ഹിന്ദുവിനെ നന്നാക്കുകയല്ല. ഗംഗയെ പോലെ തന്നെ പവിത്രമായ പമ്പയെപറ്റിയും തെയ്യക്കോലങ്ങളെ പറ്റിയുള്ള കമന്റുകളില്‍ നിന്നും അവ വ്യക്തമാണ്. അവരുടെ അജണ്ട മറ്റുപലതുമാണ്. സോഷ്യല്‍മീഡിയയില്‍ നിന്നുകിട്ടുന്ന വരുമാനമോ മറ്റ് എന്തെങ്കിലുമാകാം അവരുടെ ലക്ഷ്യം. അവരുടെ ആദ്യത്തെയോ അവസാനത്തയോ ഇരയല്ല താന്‍. അവര്‍ ഇനിയും പലരൂപത്തില്‍ വരാം. സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിഷം ചേര്‍ക്കാന്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയം അപകടകരമായ നിലയിലേക്ക് മാറിയത്. എന്നെയും എന്നെ ചീത്തവിളിക്കുന്നവരുടെയും എന്നെ ചീത്തവിളിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നവരുടെയും, നമ്മളൊന്നും ഇതില്‍ ഇല്ലെന്ന് പറഞ്ഞ് വരുന്നവരുടെയും മക്കള്‍ ഉള്‍പ്പടെ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ഇതേ പോലെയുള്ളയാളുകളെ ഇനിയെങ്കിലും തുറന്നുകാട്ടിയില്ലെങ്കില്‍ എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞ് പഠിച്ച നമ്മുടെ മക്കള്‍ ക്രിസ്ത്യാനി, ഹിന്ദു എന്നൊക്കെ പറഞ്ഞ് കടിച്ചുകീറുന്ന കാലം വിദൂരമല്ല’ – വിനീത് പറഞ്ഞു.
ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്ട്ടിന് നീമൊളെറുടെ കവിത പങ്കുവച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല കാരണം,
ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല കാരണം,
ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവര്‍ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…