തിരുവനന്തപുരം : കേരളത്തിന്റെ വ്യവസായ വളർച്ചയിൽ നിലപാട് മാറ്റി ശശി തരൂർ. സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്നാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.
കേരളത്തിലെ യഥാർത്ഥ സാഹചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാകാമെന്നും കൂടുതൽ സ്റ്റാർട്ടപ്പുകൾ വേണമെന്നും തരൂർ ആവശ്യപ്പെട്ടു.
കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന റിപ്പോർട്ട് പങ്കുവെച്ചാണ് തരൂർ നിലപാട് മാറ്റിയത്.
ഹൈക്കമാന്‍ഡും കേരള നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം. വ്യവസായവകുപ്പിന്റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം വിവാദമായിരുന്നു. ഹൈക്കമാന്‍ഡ് തന്നെ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂർ വ്യവസായ വകുപ്പിനെ പുകഴ്ത്തിയിരുന്നത്.
സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം വേറിട്ട മാതൃകയാണെന്നായിരുന്നു തരൂരിന്റെ വാദം.