വയനാട് : ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്തിനെതിരെ ഗുരുതര ആരോപണവുമായി വയനാട് കലക്ടറേറ്റിൽ ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി . പ്രജിത്ത് ലൈംഗികച്ചുവയോടെ പല തവണ സംസാരിച്ചു. ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ജീവനക്കാരി.
”ആദ്യഘട്ടത്തിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദേശത്തെ തുടർന്ന് പിൻവലിച്ചു. ലൈംഗിക ചുവയോടെയുള്ള സംസാരം ആവർത്തിച്ചതോടെയാണ് പരാതി നൽകിയത്. പരാതി പിൻവലിച്ചില്ലെങ്കിൽ ഭവിഷ്യത്ത് ഉണ്ടാകും എന്ന് പറഞ്ഞ് സംഘടനയുടെ മറ്റൊരു നേതാവ് സുജിത്ത് ഭീഷണിപ്പെടുത്തി” യുവതി പറയുന്നു.
ഇന്നലെ കലക്ട്രേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ശുചിമുറിയിലാണ് ജീവനക്കാരിയായ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തനിക്കെതിരായ നിരന്തര അതിക്രമങ്ങൾ മാസങ്ങളായി പ്രതി തുടരുകയായിരുന്നു എന്നും യുവതി പറഞ്ഞു. ജോയിന്റ് കൌണ്‍സില്‍ നേതാക്കളുടെയും ചില മേലുദ്യോഗസ്ഥരുടെയും പിന്തുണയിലാണ് തുടർച്ചയായ അതിക്രമങ്ങൾ. ഇന്നലെ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിലും അങ്ങേയറ്റം മോശമായാണ് പ്രതി തന്നെക്കുറിച്ച് ചിത്രീകരിച്ചത്.
ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ ഇതുവരെ കല്‍പ്പറ്റ പൊലീസ് തയാറായിട്ടില്ല. തന്നെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ചെയ്യാൻ നീക്കം നടക്കുകയാണെന്നും യുവതി ആരോപിച്ചു.