ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുണ്ടായ വന്‍ മഞ്ഞിടിച്ചിലില്‍ 47 തൊഴിലാളികള്‍ കുടുങ്ങി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്. 57 തൊഴിലാളികളാണ് റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന്, ബദരീനാഥിന് അപ്പുറത്തുള്ള മന ഗ്രാമത്തിന് സമീപവും ഹിമപാതം ഉണ്ടായിട്ടുണ്ട്. ഐടിബിപി, ഗര്‍വാള്‍ സ്കൗട്ടുകള്, നാട്ടുകാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
മഞ്ഞു വീഴ്ച മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വക്താവ് നിലേഷ് ആനന്ദ് ഭര്‍നെ പറഞ്ഞു. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ആശങ്ക പ്രകടിപ്പിച്ചു.