ആലപ്പുഴ : ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് പൊളിക്കാന്‍ ബദല്‍ മാര്‍ച്ചുമായി സിഐടിയു ആശ യൂണിയന്. പാസ്പോര്‍ട്ട് ഓഫീസിലേക്കാണ് സിഐടിയു ആശ വര്‍ക്കേഴ്സ് യൂണിയന്റെ മാര്‍ച്ച്. ഒരേ സമയമാണ് ഇരു മാര്‍ച്ചുകളും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ചുവപ്പ്, വെള്ള വസ്ത്രം അണിഞ്ഞെത്താന്‍ സിഐടിയു സംഘടന ആശ യൂണിയന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. പി പി ചിത്തരഞ്ജന് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്യുക.
ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സിഐടിയു നേതാവ് ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ആശ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണം. എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്നും സിഐടിയു നേതാവ് നിര്‍ദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഇരിക്കുന്നത് മുഴുവന്‍ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാളെ ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് മാര്‍ച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത്. പ്രതിപക്ഷം പിന്തുണയക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനെ ചെയ്യുന്നത് മുന്‍ എംപി ഡോ. കെ എസ് മനോജാണ്. ആലപ്പുഴയ്ക്ക് പുറമെ, കൊല്ലം, മലപ്പുറം കലക്ടറേറ്റുകളിലേക്കും ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.