കൊച്ചി : പാതിവില തട്ടിപ്പു കേസില്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും. രാമചന്ദ്രന്‍നായര്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രന് നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
പെരിന്തല്‍മണ്ണ പൊലീസാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകരാണ് പൊലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ക്കെതിരെ കേസെടുത്തതെന്ന് അഭഭാഷകര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പൊലീസിനോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്, ജസ്റ്റിസ് രാമചന്ദ്രന് നായര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ബോധ്യമായാല്‍ ഒഴിവാക്കാനുള്ള പ്രൊവിഷന്‍ ഉണ്ടെന്നും ഡിജിപി അറിയിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഹര്‍ജി പരിഗണിക്കവെ, മനസ്സര്‍പ്പിച്ചാണോ പൊലീസ് കേസെടുത്തതെന്നും, ഒരാള്‍ പ്രതിയല്ലെന്ന് പിന്നീട് തെളിഞ്ഞാല്‍ എന്തു ചെയ്യുമെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. ഭാവിയില്‍ അന്വേഷണം പോലും നടത്താതെ പ്രതി ചേര്‍ക്കുന്ന നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.