മലപ്പുറം : മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരിഗണിക്കാനിരിക്കെ, പഞ്ചായത്തിന് മുന്നില്‍ സംഘര്‍ഷം. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി വി അന്‍വറിന്റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
മുന്‍ എംഎല്‍എ പി വി അന്‍വര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍, എല്‍ഡിഎഫ്-സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പാഞ്ഞടുത്തു. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത മുറിയിലേക്ക് അന്‍വറിനെയും അനുയായികളെയും മാറ്റി. പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി അന്‍വറിനെ പുറത്തുകൊണ്ടു വരികയും എടുത്ത് ഉയര്‍ത്തുകയും, എല്‍ഡിഎഫിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഇതോടെ സംഘര്‍ഷം രൂക്ഷമായി. അന്‍വറിനെതിരെ സിപിഐഎം പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വി എസ് ജോയി, ആര്യാടന് ഷൗക്കത്ത് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ വന്‍ പൊലീസ് സന്നാഹവും പഞ്ചായത്തിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പിണറായിസം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും, പഞ്ചായത്തില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്നും പി വി അന്‍വര്‍ പറഞ്ഞു.
എല്‍ഡിഎഫ് അംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിഎംസി നിലമ്പൂര്‍ മണ്ഡലം കണ്‍വീനര്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍ ഡി എഫ് -യുഡിഎഫ് അംഗബലം. അടുത്തിടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്.
ഇടതു മുന്നണിയിലെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്താല്‍ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാവും. പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഐഎം അവസാന സമയത്തും നടത്തുന്നുണ്ട്. വയനാട് പനമരത്തിനു പിന്നാലെ ചുങ്കത്തറ പഞ്ചായത്ത് കൂടി ഇടതുമുന്നണിയില്‍ നിന്ന് യുഡിഎഫില്‍ എത്തിക്കാനായാല്‍ നിലമ്പൂരില്‍ കരുത്തുകാട്ടാമെന്നാണ് പി വി അന്‍വറിന്റെ പ്രതീക്ഷ.