തിരുവനന്തപുരം : സ്വര്‍ണമാല ചോദിച്ച് അഫാന് രണ്ടുദിവസം മുന്‍പ് മുത്തശി സല്‍മാ ബീവിയുടെ വീട്ടില്‍ വന്നിരുന്നുവെന്ന് സല്‍മാബീവിയുടെ മൂത്തമകന് ബദറുദീന്‍. എന്നാല്‍ മാല കൊടുക്കില്ലെന്ന് സല്‍മാബീവി പറഞ്ഞു. ആകെയുള്ള തന്റെ സമ്പാദ്യമാണ്. ഇത് നല്കാന് സാധിക്കില്ല. തന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ വേണ്ടി സൂക്ഷിക്കുന്നതാണെന്നും ഉമ്മ സല്‍മാബീവി പറഞ്ഞതായും ബദറുദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇന്നലെ രാവിലെ എട്ടുമണിക്ക് അഫാന്റെ ബൈക്ക് സല്‍മാബീവിയുടെ വീടിന്റെ പുറത്ത് ഇരിക്കുന്നത് കണ്ടിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയാണ് ഉമ്മ മരിച്ചവിവരം അറിയുന്നതെന്നും ബദറുദീന്‍ പറഞ്ഞു.
താഴെ പാങ്ങോട് വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സല്‍മാ ബീവിയെയാണ് അഫാന് ആദ്യം കൊലപ്പെടുത്തുന്നത്. പഴയ വീടിന്റെ കുളിമുറിയില്‍ നിന്നാണ് സല്‍മാ ബീവിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് വൈകുന്നേരത്തോടെ അഫാന് പൊലീസില്‍ കീഴടങ്ങിയതോടെയാണ് സല്‍മാ ബീവിയുടേത് കൊലപാതകമെന്ന് പുറംലോകം അറിയുന്നത്.
സല്‍മാ ബീവിയുടെ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. വൈകുന്നേരത്തോടെ സല്‍മാ ബീവിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
കൊലപാതകങ്ങള്‍ നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന് സംഭവം വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. താന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയായിരുന്നു.