പാലക്കാട് : രാജ്യത്ത് ഫാസിസം വന്നുവെന്ന് തെളിയിച്ചാല്‍ സിപിഐഎം കരടു രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് മാറ്റാമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്. കരട് പ്രമേയത്തില്‍ ഭിന്നതയുണ്ടെങ്കില്‍ സിപിഐക്ക് തിരുത്താം. എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാനാണ് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതെന്നും കരട് രാഷ്ട്രീയപ്രമേയത്തിനെതിരായ പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം ശശി തരൂരിന്റെ പ്രശ്നത്തില്‍ നിന്ന് മോചനം കിട്ടാനാണെന്നും എകെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു.
25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം പോളിറ്റ് ബ്യൂറോ തയ്യാറാക്കി ചിന്തയില്‍ പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയം ഒരു സ്വകാര്യ കാര്യമല്ല. പരസ്യപ്പെടുത്തിയതാണ്. ഇതാണ് എന്തോ കിട്ടിയെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. പാര്‍ട്ടിയേ സംബന്ധിച്ച് ഈ കരട് രാഷ്ട്രീയ പ്രമേയം ചര്ച്ചയാവേണ്ടേ? എകെ ബാലന് ചോദിച്ചു. ഫാസിസ്റ്റ് സര്‍ക്കാരെന്നല്ല, ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. ഇത് തന്നെയാണ് കഴിഞ്ഞ രണ്ടുപാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രമേയത്തിലും പറഞ്ഞത്. ഇത്തവണ നവഫാസിസമെന്ന പദപ്രയോഗത്തിന് വിശദീകരണം നല്കുന്നുവെന്നല്ലാതെ മറ്റൊന്നുമില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതുപൊലെ ആര്‍എസ്എസിന് കൊടിപിടിക്കുകയല്ലെന്നും ബാലന് പറഞ്ഞു.
ശശി തരൂരിന്റെ പ്രശ്നത്തില്‍ നിന്ന് മോചനം കിട്ടാനാണ് പ്രതിപക്ഷനേതാവ് ഇത് ഏറ്റുപിടിക്കുന്നത്. ബിനോയ് വിശ്വം പറഞ്ഞത് ഗൗരവത്തോടെ കാണുന്നു. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ അവര്‍ക്ക് ഭേദഗതിയുണ്ടെങ്കില്‍ അവര്‍ കൊടുക്കട്ടെ. ആര്‍ക്കും ഭേദഗതി കൊടുക്കാം. പാര്‍ട്ടി ഒരുനയം രൂപീകരിക്കുന്നത് കേവലം പാര്‍ട്ടി മെമ്പര്‍മാരോട് ചോദിച്ചിട്ടല്ല. ജനങ്ങളോട് കൂടി എന്നതിന്റെ തെളിവാണ് ഇത് പൊതുസമൂഹത്തിന് മുന്നില്‍ വെക്കുന്നതെന്നും ബാലന് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ മുന്നിലെ വലിയ വെല്ലുവിളി ശശി തരൂരാണ്. തരൂരിനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് ചെന്നിത്തലയാണ്. ചെന്നിത്തലക്ക് നേരെ നേരിട്ട് ഒരാക്രമണം സതീശന് പറ്റില്ല. അതുകൊണ്ട് തരുരിനെതിരെ തിരിയുകയാണ്.
തരൂരിനെ പറ്റി സിപിഐഎമ്മിന് അമിതമായ ഒരു വ്യാമോഹവുമില്ല. ലേഖനം സിപിഐഎം രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തിനെയും പരിഹസിക്കുന്നതാണ്. ലേഖനത്തില്‍ ഒരുഭാഗം യുഡിഎഫിന്റെ ശക്തമായ പ്രചാരണത്തെ പൊട്ടിക്കുന്നതാണ്. അത് കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്. അത് തങ്ങളുടെ പാര്‍ട്ടി പ്രമേയത്തിന്റെ ഭാഗമായി ഉണ്ടായതല്ല. അത് അദ്ദേഹം രേഖകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. അതില്‍ തങ്ങള്‍ക്ക് യോജിക്കാന്‍ പറ്റിയതിനോട് യോജിച്ചു എന്നുമാത്രം. കെപിസിസി എന്നത് ഇപ്പോള്‍ കേരള പ്രദേശ് കൂടോത്ര കോണ്ഗ്രസ്എന്നായി മാറിയെന്നും ബാലന് പരിഹസിച്ചു.
മോദി സര്‍ക്കാരിന് ഫാസിസ്റ്റ് സ്വഭാവമാണെന്നാണ് ഞങ്ങള്‍ തുടക്കത്തിലേ പറഞ്ഞത്. പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പറയാറില്ലേ ഫാസിസ്റ്റ് സര്‍ക്കാരെന്ന്. പിണറായി വിജയനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഫാസിസ്റ്റാണെന്ന് പറയാറില്ലേ?. അദ്ദേഹത്തിന് തന്നെ അറിയാം ഫാസിസ്റ്റല്ലെന്ന്. അത് ഒരു പ്രയോഗമെന്ന നിലയില്‍ പറയുകയാണ്. രാജ്യത്ത് ഫാസിസം വന്നെങ്കില്‍ കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കേണ്ടേ?. ഇവിടെ ഫാസിസം വന്നു കഴിഞ്ഞു, അതുകൊണ്ട് ഇന്ത്യാരാജ്യത്തെ എല്ലാവരും യോജിക്കണം. അതിന് ഒരു ഐക്യമുന്നണി വേണം അങ്ങനെ ഒരു മുദ്രാവാക്യം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ടോ?. സിപിഐഎം ചെറിയ പാര്‍ട്ടിയായിരിക്കാം. എന്നാല്‍ വസ്തുത വസ്തുതയല്ലെന്ന് പറയാതിരിക്കാന്‍ പറ്റുമോ. ആര്‍എസ്എസിന്റെ ഭീകരമുഖവും ബിജെപി സര്‍ക്കാരിന്റെ ഭീകരമുഖവും തുറന്നുകാട്ടുന്നതിന് ഇത് ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ ആണെന്ന് പറഞ്ഞാല്‍ ഫാസിസത്തെ സംബന്ധിച്ച് തങ്ങളുടെ ധാരണയില്‍ വരുന്ന തെറ്റാണെന്നു ബാലന് പറഞ്ഞു.