കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കും. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയതില്‍ പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്ത സാഹചര്യത്തിലാണ് നീക്കം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. സുനിയുടേത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നാണ് പ്രോസിക്യൂസന് വാദം.
മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് വിചാരണക്കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നു തന്നെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. പിന്നാലെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്ഐആറിലുണ്ട്.