കണ്ണൂർ : കണ്ണൂരിലെ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിച്ചേർന്നു.
ഞായറാഴ്ച വൈകുന്നേരം ആറളം ആദിവാസി പുനരധിവാസ മേഖലയിൽ 13-ാം ബ്ലോക്കിലാണ് സംഭവം. വീടിന് അധികം അകലെയല്ലാത്ത സ്ഥലത്തുനിന്ന് കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു. ആക്രണത്തിൽ ദമ്പതികൾക്ക് തൽക്ഷണം മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.
സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന മേഖലയാണ് 13-ാം ബ്ലോക്ക് ഓടച്ചാൽ മേഖല. കഴിഞ്ഞ ആറ് വർഷത്തിനിടെ, ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ 11 ഓളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.