തൃശൂര്‍ : ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നില്‍ കള്ളപ്പണ ഇടപാടും. ഉടമകള്‍ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. ഉടമയായ സുബിന്, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന ഓഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. പണം വരുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ എത്തിക്കാനാകും. പരിശോധന നടക്കുന്നതിനാല്‍ ശ്രദ്ധിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്ന് സുബിന് ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടിയാണ് ഇരിങ്ങാലക്കുടയില്‍ ധനകാര്യ സ്ഥാപനം വഴി സഹോദരങ്ങള്‍ തട്ടിയത്. സ്ഥാപനത്തിന്റെ ഉടമകളായ ബിബിന്‍ കെ ബാബുവിനും സഹോദരങ്ങള്‍ക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.
പത്ത് ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 രൂപ മുതല്‍ 50,000 രൂപ വരെ വരുമാനം. 36% വരെ ലാഭം, അറിഞ്ഞവര്‍ പണം നിക്ഷേപിച്ചു. ആദ്യം നിക്ഷേപിച്ചവര്‍ക്ക് ദീര്‍ഘകാലം പ്രതിമാസം പണം ലഭിച്ചതോടെ, കൂടുതല്‍ പേര് വന്‍ തുകയുമായെത്തി. ഒടുവില്‍ കഴിഞ്ഞ എട്ടുമാസമായി മുതലുമില്ല പലിശയും ഇല്ല. നിക്ഷേപകര്‍ പണം ആവശ്യപ്പെടുമ്പോഴെല്ലാം ഇന്ന്, നാളെ എന്ന് അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണില്‍ ബന്ധപ്പെട്ടു, അങ്ങനെയിരിക്കെയാണ് ഉടമകള്‍ കുടുംബത്തോടെ വിദേശത്തേക്ക് കടന്നുവെന്നറിയുന്നത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയില്‍ ആണ് ഇരിങ്ങാലക്കുട പൊലീസ് ആദ്യം കേസെടുത്തത്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ആനുകൂല്യങ്ങള്‍ ആയി ലഭിച്ച തുക വരെ നിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയും സ്വര്‍ണവും വിറ്റും പണം നിക്ഷേപിച്ചവരും നിരവധി. ചുരുങ്ങിയത് 150 കോടിയുടെ നിക്ഷേപം എന്നാണ് പൊലീസിന്റെ കണക്ക്. പരാതികളുടെ അടിസ്ഥാനത്തില്‍ നിലവില്‍ നാല് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 32 പേരാണ് ഇതുവരെ പരാതി നല്‍കിയത്.
2019 ലാണ് ഇരിങ്ങാലക്കുട സ്വദേശി ബിബിന്‍ കെ ബാബു, സഹോദരങ്ങളായ സുബിന്, ലിബിന് എന്നിവര്‍ ചേര്‍ന്ന് വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം ബില്യണ്‍ ബീസ് എന്ന പേരില്‍ ധനകാര്യസ്ഥാപനം തുടങ്ങുന്നത്. ശേഷം കാട്ടൂര്‍ റോഡില്‍ ബ്രാഞ്ച് തുടങ്ങി. ലാഭം എത്തിയതോടെ ദുബൈയിലും സ്ഥാപനം ആരംഭിച്ചു. ബിബിന്റേത് ആഡംബര ജീവിതം ആയിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇരിഞ്ഞാലക്കുട പാം സ്വയറിലെ ഓഫീസിനോട് ചേര്‍ന്ന് ബീസ് കഫേ എന്ന പേരില്‍ കഫേയും തുടങ്ങിയിരുന്നു. എല്ലാം അടച്ചുപൂട്ടി. ഉടമകള്‍ മുങ്ങി.