തിരുവനന്തപുരം : എലപ്പുള്ളിയിൽ ബ്രൂവറി വരാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എലപ്പുള്ളി ബ്രൂവറയിൽ സർക്കാറുമായി സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം ഇടതുമുന്നണിയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
‘ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി അവരെ പിണറായി വിജയൻ അപമാനിച്ചു. സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറ്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായി’- വി.ഡി സതീശൻ പറഞ്ഞു.
ശശി തരൂരിനെ തിരുത്തേണ്ടത് ദേശീയ നേതൃത്വമാണെന്നും താൻ അതിന് ആളല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തരൂരുമായി കൊമ്പ് കോർക്കാനില്ലെന്നും ലേഖനത്തിലെ കണക്കിൽ തെറ്റ് ഉണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസിൽ നേതാക്കൾ തമ്മിൽ ഒരു തർക്കവുമില്ലെന്നും മുസ്ലിം ലീഗിന് കോൺഗ്രസിനെ കുറിച്ച് അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും വി.ഡി സതീശൻ ആരോപിച്ചു. പെട്ടികടയും ബേക്കറിയും വരെ സംരംഭ പട്ടികയിലുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.