തിരുവനന്തപുരം : പാതിവില തട്ടിപ്പില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെയും പ്രതിയാക്കും. കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാര്‍ രണ്ടാം പ്രതിയാണ്. മുഖ്യപ്രതി അനന്തു കൃഷ്ണനെതിരെ മൂവാറ്റുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ആനന്ദകുമാറിനെ പ്രതി ചേര്‍ക്കും. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും.
എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാനായിരുന്നു ആനന്ദകുമാര്‍. പിന്നീട് ഇദ്ദേഹം രാജിവെക്കുകയായിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള ആനന്ദകുമാറിന്റെ രാജിയിലും പൊലീസിന് സംശയമുണ്ട്. അനന്തു കൃഷ്ണനെ സ്കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് അനന്തുവിനെ സ്കൂട്ടര്‍ വിതരണത്തിനു ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്. അനന്തുവിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കടത്തിയ രേഖകളും പൊലീസ് കണ്ടെടുത്തു. എറണാകുളത്തെ ഒരു വില്ലയില്‍ നിന്നും, ഓഫീസില്‍ നിന്നുമാണ് രേഖകള്‍ കണ്ടെടുത്തത്. അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
രാഷ്ട്രീയനേതാക്കള്‍ക്കടക്കം താന്‍ പണം കൈമാറിയതായി കഴിഞ്ഞദിവസം അനന്തു മൊഴി നല്‍കിയിരുന്നു. ബിനാമികള്‍ വഴിയാണ് പലര്‍ക്കും പണം നല്‍കിയതെന്നാണ് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിൽ കിട്ടിയ പണം സ്വന്തം പേരിൽ സ്ഥാപനങ്ങളുണ്ടാക്കിയും അനന്തു കൃഷ്ണൻ മറിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ‘സോഷ്യൽ ബീ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അനന്തു കൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരുടെ പേരിലാണ് സ്ഥാപനം രൂപീകരിച്ചത്. പാതിവില തട്ടിപ്പിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ സോഷ്യൽ ബിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് വിവരം.