ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫയലുകള്‍, മറ്റ് രേഖകള്‍, ഇലക്ട്രോണിക് റെക്കോര്‍ഡ്സ് തുടങ്ങിയവ കെട്ടിത്തിനു പുറത്തു കൊണ്ടുപോകാന്‍ പാടില്ലെന്ന് നിർദേശം. സെക്രട്ടേറിയറ്റ് പരിസരത്തേക്കുള്ള ആളുകളുടെ പ്രവേശനത്തിനും ഡല്‍ഹി സെക്രട്ടേറിയറ്റ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
ഡല്‍ഹി സെക്രട്ടേറിയറ്റിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. സുരക്ഷാ ആശങ്കകളും രേഖകളുടെ സംരക്ഷണവും കണക്കിലെടുത്ത്, അനുമതിയില്ലാതെ ഡല്‍ഹി സെക്രട്ടേറിയറ്റ് സമുച്ചയത്തിന് പുറത്തേക്ക് ഒരു ഫയലുകളും രേഖകളും, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറും മറ്റും കൊണ്ടുപോകാന്‍ പാടില്ല എന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ദേശം നല്‍കണമെന്നും ജനറല്‍ അഡ്മിനിസ്ട്രേഷന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സെക്രട്ടറിയേറ്റിലേക്ക് വരുന്ന ആളുകളെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം മാത്രം പ്രവേശനാനുമതി നല്കിയാല് മതിയെന്ന് മറ്റൊരു ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിസിടിവി കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി അധികാരം തിരിച്ചു പിടിക്കുന്നത്. 70 അംഗ നിയമസഭയില്‍ 48 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങി. എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി അതിഷിയാണ് എഎപിയില്‍ നിന്നും വിജയിച്ച പ്രമുഖ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞു.